Tuesday, October 1, 2013

പ്രണയത്തിന്‍ ഗീതങ്ങള്‍

ശരത്ക്കാല മേഘം പാടും
പ്രണയത്തിന്‍ ഗീതങ്ങള്‍
പൌര്‍ണ്ണമി രാവിലലിയും
മോഹത്തിന്‍ സ്വപ്‌നങ്ങള്‍
കിനാവിന്റെ ചില്ലയിലെതോ
മണിമുത്തിന്‍ മുന്തിരികള്‍
ഹൃദയത്തിന്‍ സ്പന്ദനമോ നിന്‍
പ്രണയത്തിന്‍ കാവ്യങ്ങള്‍
വിടരുന്നൊരു മലരായെന്നില്‍
പ്രണയിനി നിന്‍ വദനം
താരുണ്യ സ്വപ്‌നങ്ങള്‍ പുണരും
മോഹനിലാവിന്‍ കുളിരും
പ്രണയിനീ നീ ഹൃദയം നല്‍കുക
മുത്തുകള്‍ പൊഴിയും പുഞ്ചിരി നല്‍കുക
മാന്‍പേട കണ്ണുകള്‍ നല്‍കുക
പകരം ഞാന്‍ പ്രണയം നല്‍കാം
ആകാശത്തിന്‍ അനന്തതയോളം
കടലിന്‍റെ അഗാധതയോളം
പകരം ഞാന്‍ നല്‍കാം പ്രണയം.

കടൽ

നിൻ കുഞ്ഞു കണ്ണിലെ ആകാംക്ഷ തിരയിലും 
ഞാനിന്നു കണ്ടൊരു കടൽ 
നിൻ കണ്ണിലൂർന്നൊരു കണ്ണുനീർ തുള്ളിയിൽ 
ഞാനിന്നു കണ്ടൊരു കടൽ 
കടൽ കണ്ട് കൊതിതീരാ കുസൃതിയിൽ 
ഞാനിന്നു കണ്ടതും കടൽ ...
സ്നേഹത്തിന്റെ കടൽ !!

Friday, February 13, 2009

പ്രണയത്തിന്‍റെ വാടാമലര്‍


നിന്‍റെ ചുണ്ടിനും
നമ്മുടെ പ്രണയത്തിനും
ഈ റോസപ്പൂവിനും
ഒരേ നിറമാണ്‌...
ഹൃദയത്തിന്‍റെ ചുവപ്പുനിറം...

ഇതു സത്യത്തിന്‍റെ തീവ്ര നിറമാണ്‌...
നമ്മുടെ സ്വപ്നങ്ങളുടെ വര്‍ണ്ണമാണ്...

നമ്മുടെ പ്രണയം...ഈ പൂപോലെ സ്നിഗ്ധമാണു
സുന്ദരമാണ്...

ഈ പൂവിന്റെ മണം പോലെ
ജീവിതത്തിന്റെ സുഗന്ധമാണു ....

ഇതൊരു വാടാ മലരാണ്
പ്രണയത്തിന്‍റെ...ജീവിതത്തിന്‍റെ...വാടാ മലര്‍....

Wednesday, September 24, 2008

മയില്‍ പീലിയും പ്രണയവും

ഹൃദയ സ്വപ്നങ്ങളില്‍ നിറവായി നീ
മൃദു പാദ പതനാമയെന്‍ കരളില്‍
ഉണരുന്ന കനാവാണ് നീ
എന്‍റെ നിനവാണ് നീ...

ഇവിടെയീ ഏകാന്ത നഗരത്തില്‍ അലയുമ്പോള്‍
ഓര്‍മ്മകള്‍ മാത്രമെന്‍ തണലായ്‌ വരും...
ഒരു മയില്‍ പീലിപോല്‍ പ്രണയം
ഹൃദയത്തില്‍
പലതായ് പെരുകാനായി ഞാന്‍ കാത്തിരുന്നു

ഇവിടെ ഞാന്‍ ഏകനാന്നെങ്കിലും ഓര്‍മ്മകള്‍
ഒരു മൃദു സ്വാന്തനമായി വരുന്നു
വിടരുമീ സ്വപ്നങ്ങളൊക്കെയും
നമ്മിലെ പ്രണയമായി തീരുന്ന ബീജമല്ലേ...

കാത്തിരിക്കുന്നു ഞാന്‍ നിന്‍ സ്വപ്നതീരങ്ങളില്‍
ഒരു ചിത്ര ശലഭമായ് വന്നണയാന്‍...

Tuesday, May 27, 2008

മഴ

നഗര തിരക്കുകള്‍ക്ക് ഇടയിലൂടെ
ഇന്നു പെയ്ത ചാറ്റല്‍ മഴയ്ക്കിടെ
ഒരു മിന്നല്‍ പിണര്‍ പോലെ നിന്നെ കണ്ടു..
എന്റെ അഭിവാദ്യത്തിനു
ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്‌
നീ കടന്നു പോയി...
ഓര്‍മ്മകളുടെ അപഥ സഞ്ചാരങ്ങൾക്കിടെ
അറിയാതെ കണ്ണുകള്‍ നിറഞ്ഞു...
കുട്ടികാലത്ത് കേട്ട ഭീകര കഥകളിലെ
അസുരന്മാര്‍ എന്റെ രൂപം അണിഞ്ഞു
അട്ടഹാസം മുഴക്കുന്നത് പോലെ തോന്നി...
പുറത്തു മഴ നിലച്ചിരുന്നു
പക്ഷെ എന്റെയുള്ളില്‍
കര്‍ക്കിടക മഴ പെയ്തിറങ്ങാന്‍ തുടങ്ങിയിരുന്നു...

Saturday, April 12, 2008

വിഷാദം

അറിയുന്നില്ലയീ വിമൂകമാനസ
സരസ്സില്‍ എന്താണ് അലകള്‍ മാത്രമായി...
നിറഞ്ഞ കണ്ണുമായി, ജ്വലിക്കും വേദനാ സഹസ്ര
-ണുക്കളാല്‍ മുറിഞ്ഞു മാനസം
കറുത്തു ഇരുണ്ടോരി വിഷലിപ്ത ചിന്തകള്‍ക്ക്
അറുതിയില്ലേ....അറിയുകില്ലല്ലോ
തിരകളയോരി വിചാരം ഒക്കെയും ചിതറി വീഴുന്നു
കരളിന്നകത്തൊരു ചെറു സൂചിയുമായി കടന്നതാരാണോ?

Tuesday, February 12, 2008

പ്രണയമണി തൂവലുകള്‍

നിന്‍റെ തൂവലുകള്‍ ഞാന്‍ തലോടി...
നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ നിറം ചേര്‍ത്തു...
നിന്‍റെ കണ്ണീരിനെ ഞാന്‍ പുഞ്ചിരിയാക്കി....
നിന്‍റെ ഹൃദയത്തില്‍ ഞാന്‍ ചുംബിച്ചു....
നിന്‍റെ മൊഴികള്‍ എനിക്ക് തേന്‍ കണമായി
എന്‍റെ മൊഴികള്‍ നിനക്കും....
കാലം അരുവിയിലെ ഓളങ്ങളെ പോലെ...
ഒരിക്കലും അവസാനിക്കാതെ....
ഒരു പ്രേമ ഗീതം പോലെ....