Saturday, December 8, 2018

ഉയരുക ഇനിയുമെൻ നാടേ...

കനവുകളങ്ങനെ പറന്നു  പൊങ്ങുമ്പോൾ
ദൂരെ, നല്ലൊരു നാളെയെ കാണാം
ചക്രവാളങ്ങളുമതിരുകൾ തീർക്കാത്ത
തിറയുള്ള തീരത്തെ കാണാം
പച്ചമണ്ണിൻ മനുഷ്യനെ കാണാം
നന്മ വിളയുന്ന ഭൂമിയെക്കാണാം
ഉയരുക ഇനിയുമെൻ നാടേ...
കണ്മണിയാം കണ്ണൂരേ 

Thursday, December 6, 2018

താജ്മഹൽ

പ്രണയത്തിനു മുൻപ്
എന്റെ ഹൃദയം ഒരു മരുഭൂമിയായിരുന്നു
മരുപ്പച്ചകളെ തേടി അലയുന്ന
ഒരു ഒട്ടകം പോലെ
മനസ്സ് അതിലലഞ്ഞു നടന്നു
പ്രണയകാലം
എന്റെ ഹൃദയം ഒരു പൂന്തോട്ടമായിരുന്നു
അരുവികൾ ഒഴുകുന്ന
കുരുവികൾ പാടുന്ന
ശലഭങ്ങൾ പാറുന്ന
ഒരു പൂന്തോട്ടം
വിവാഹാനന്തരം
അതൊരു താജ്മഹൽ ആയി
പ്രണയത്തിന്റെ സ്മൃതി കുടീരം  

Sunday, May 13, 2018

പനി

വാടി തളർന്ന പൂച്ചെണ്ടുപോൽ നീയെന്റെ
തോളിൽ കിടന്നു മയങ്ങാൻ തുടങ്ങവേ
പനിവന്നു വിറപൂണ്ട ചുണ്ടുകൾ കൊണ്ടെന്റെ
കവിളിൽ മെല്ലെ മുത്തമിട്ടീടവേ
നിറമുള്ള സ്വപ്നത്തിൻ സ്വർണ്ണ രഥമേറി
മകളേ നീ സുഖമായുറങ്ങുക
രാവിതിന്നപ്പുറം ഉഷസ്സു വരുന്നേരം
സൗഖ്യമായ് സന്തോഷമായുണർണീടുക 

Friday, September 18, 2015

പ്രണയത്തിന്റെ കാരാഗൃഹം

പ്രണയം പുഴ പോലെയാണ് 
കരകളെ താണ്ടി അത് ഒഴുകി നടക്കും 
പ്രണയം പൂവിന്റെ മണം പോലെയാണ് 
മന്ദമാരുതനിൽ അത് അനന്തമായി പറന്നു നടക്കും 
പ്രണയം കടലു പോലെയാണ് 
അഗാധതകളിൽ അത് മുത്തുകൾ ഒളിപ്പിക്കും
പ്രണയം ആകാശം പോലെയാണ്
അതെങ്ങും നിറഞ്ഞു നിൽക്കും
പ്രണയം ഭൂമിയെ പോലെയാണ്
അത് ജീവിതം ഹരിതാഭമാക്കും
പ്രണയം മഴ പോലെയാണ്
മനസ്സിൽ ഒളിപ്പിച്ച വിത്തുകൾക്ക്‌ അത് ജീവനേകും
പ്രണയം വസന്തം പോലെയാണ്
അതെങ്ങും പൂക്കാലം തീർക്കും
പ്രണയം സ്വാതന്ത്ര്യമാണ്
വിവാഹം പ്രണയത്തിന്റെ കാരാഗൃഹവും

Monday, December 29, 2014

പുതു പ്രതീക്ഷതൻ വർഷം

വിട പറയുന്നു വീണ്ടുമൊരു വർഷം
കനവുകൾക്കു ചിറകേകിയോരുവർഷം
സ്നേഹമുണ്ട്,വിഷാദവും,വാത്സല്യവും
സങ്കട കടലും പിന്നെ
സന്തോഷത്തിൻ പ്രഭാതങ്ങളും
വേനൽ ചൂടും ഇലകൊഴിയും  ശിശിരവും
വർണ്ണ ചിത്രം വരയ്ക്കുമാ ശരത്തും വസന്തവും
ജലപരവതാനി തീർക്കും മഴക്കാലവും
വേഗമേറിയ കാലചക്രത്തിന്റെ
വിസ്മൃതിയിൽ മറയുന്ന ഓർമ്മകൾ
വിരഹ വേദനയോടെ വിട ചൊന്നിട്ടു
പുതു പ്രതീക്ഷതൻ വർഷത്തെ വരവേൽപ്പു നാം.